മതാതീത ചിന്തകൾക്ക് ഒരാമുഖം

പ്രശസ്ത എഴുത്തുകാരനും മാർഗനിർദേശകനും സാമൂഹിക പ്രവർത്തകനുമായ ദിലീപ് അമീൻ എഴുതിയ interfaith marriage - Problems and Solutions എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയായ "മിശ്രവിവാഹം - പ്രശ്നങ്ങളും പരിഹാരങ്ങളും" വായിച്ചപ്പോൾ തോന്നിയ മൗലികമായ ചില വിചാരങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. ആത്മീയവും ദാർശനികവുമായ കുറച്ച് പുസ്തകങ്ങൾ മലയാളികൾക്ക് പരിചയപ്പെടുത്തിയ,ചിന്തകൻ കൂടിയായ മുകുന്ദൻ പി ആർ ആണ് ഈ പുസ്തകവും പരിഭാഷപ്പെടുത്തിയിരിക്കുന്നത്. വളരെ ലളിതമായ ഭാഷയിൽ കൃത്യമായ ആശയ സംവേദനത്തിലൂടെ സുഗമമായ വായനയ്ക്കിണങ്ങും വിധം മനോഹരമായാണ് അദ്ദേഹം തന്റെ കൃത്യം നിർവഹിച്ചിരിക്കുന്നത്. തുല്യത, പരസ്പരബഹുമാനം എന്നീ മൂല്യങ്ങളിലൂന്നിയുള്ള ഒരു സമീപനമാണ് ദിലീപ് അമിൻ ഈ പുസ്തക രചനയിൽ അവലംബിച്ചിരിക്കുന്നത്. മൊഴിമാറ്റത്തിലും ആ രീതി കൈവിടാതെ എഴുത്തിന്റെ സൗന്ദര്യാംശം നിലനിർത്താൻ വിവർത്തകൻ ശ്രമിച്ചിട്ടുണ്ട്. നീണ്ട കാലത്തെ ഗവേഷണ പഠന പ്രക്രിയകളിലൂടെ, നിരന്തര സാധനയിലൂടെയാണ് ഈ പുസ്തകം എഴുതപ്പെട്ടതെന്ന് ഇതിന്റെ വായന സാക്ഷ്യപ്പെടുത്തുന്നു."മതസമത്വത്തിൽ അടിസ്ഥിതമായ മതാന്തരവിവാഹം" എന്ന മൗലിക സന്ദേശമാണ് ഈ പുസ്തകം ഉയർത്തിക്കാട്ടുന്നത്. എല്ലാ മതങ്ങളിലും അന്തർലീന നന്മകളെ നിരാകരിക്കാതെ, വിവിധ മത പശ്ചാത്തലത്തിൽ ഇടപ്പെട്ടു ജീവിച്ച മനുഷ്യരിലേക്ക് വൈകാരികത തീർത്തും ഉപേക്ഷിച്ച്, അവരുടെ സ്വകാര്യത പരിരക്ഷിച്ച് ഡോ അമീൻ നടത്തിയ അന്വേഷണങ്ങളുടെ ബഹിർസ്ഫുരണങ്ങൾ ആണ് ഈ പുസ്തകത്തെ സ്വീകാര്യമാക്കുന്നത്. വ്യത്യസ്ത മതവിശ്വാസങ്ങളിൽ പിറക്കുകയും വളരുകയും ചെയ്ത രണ്ട് വ്യക്തികളെ അവരുടെ ദാമ്പത്യ ജീവിതത്തിൽ മിശ്രമത വിവാഹം എങ്ങനെ സ്വാധീനിക്കുന്നു എന്ന പഠനമാണ് പ്രധാനമായും ഈ പുസ്തകം. എല്ലാ മതവിശ്വാസവും നന്മ നിറഞ്ഞതും സമദൂരം പാലിക്കുന്നതുമാണെന്ന ദർശനത്തിലൂന്നി എന്റെ മതം മാത്രമാണ് ഏറ്റവു സത്യമായിട്ടുള്ളത് എന്ന ഏകപക്ഷീയവും ഉന്മാദപരവുമായ ചിന്തകളെ പോസ്റ്റ്മോർട്ടം ചെയ്യുകയും അതിലെ വിചാരധാരകളെ മൂല്യവത്തായ ചർച്ചയ്ക്ക് വിധേയമാക്കുകയും ചെയ്യുന്നുണ്ട് നാനൂറിൽപരം പേജുകളിൽ നിറഞ്ഞുനിൽക്കുന്ന ഈ പഠന ഗവേഷണ ഗ്രന്ഥം. ഈ പുസ്തകത്തിലെ ചടുലവും മൗലികവുമായ നിരീക്ഷണങ്ങൾ ഓരോ പുതിയ വായനക്കാരന്റെയും വായനാനുഭവത്തെ സമ്പന്നമാക്കട്ടെ എന്ന് ആഗ്രഹിക്കുകയും ആശംസിക്കുകയും ചെയ്യുന്നു. M. Chandraprakash (writer) https://universalculturetrust.org/product/mishramatha-vivaham-prashnangalum-pariharavum-malayalam-author-dr-dilip-amin-translation-mukundan-p-r/

Comments

Popular posts from this blog

മിശ്രമത വിവാഹം : പ്രശ്നങ്ങളും പരിഹാരവും